വിശ്വാസം പലപ്പോഴും കഷ്ടതയുടെ തീച്ചൂളയിൽ കൂടെ പരിശോധിക്കപ്പെടും, സിസ്റ്റർ രാധയെ സംബന്ധിച്ചിടത്തോളം ആ തീച്ചൂള വളരെ തീവ്രമായി ആളിക്കത്തുന്നതായിരുന്നു. തന്നെ വിഴുങ്ങുവാൻ ഭീഷണി ഉയർത്തിയ ഇരുട്ടിന്റെ മധ്യത്തിലും തന്റെ ജീവിതത്തെ യേശുവിനു വേണ്ടി കൊടുത്ത് അവൾ കർത്താവിന്റെ പാതയിൽ നടന്നു. ദുഷ്ടശക്തികൾ അവൾക്കെതിരെ വന്നപ്പോഴും, തന്റെ ഭർത്താവിനെയും മക്കളെയും അവളിൽ നിന്ന് വേർപെടുത്തിയപ്പോഴും,കർത്താവ് തനിക്കുള്ള വരെ കൈവിടുകയില്ല എന്ന വാഗ്ദത്തത്തിൽ അവൾ മുറുകെപ്പിടിച്ചു.
ഒരു ദൗർഭാഗ്യ ദിവസം, ദുരന്തം അവളുടെ ഭവനത്തിനു മേൽ വന്നു. ഒരു അക്രമാസക്തമായ ആൾക്കൂട്ടം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ വന്ന് തന്നെയും തന്റെ ഭർത്താവിനെയും വലിച്ചിഴച്ചു കൊണ്ടുപോയി. ഒമ്പതും ഏഴും വയസ്സുമാത്രം പ്രായമുള്ള അവളുടെ രണ്ടു കുഞ്ഞുങ്ങൾ, കണ്ണുനീരോടുകൂടെ നിൽക്കുന്ന അവരുടെ മുത്തച്ഛന്റെ കയ്യിൽ അവശേഷിക്കപ്പെട്ടു. അനിശ്ചിതത്വത്തിന്റെ ഭാരം തന്റെ അന്തരംഗത്തെ ഞെരുക്കിയെങ്കിലും അവൾ മന്ത്രിച്ചു, “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും?” ( സങ്കീർത്തനം 27:1)
രണ്ടുദിവസം വിധി എന്തെന്നറിയാതെ അവളെ ബന്ധിയായി വെച്ചു. പിന്നീട് അവളെ വീട്ടിൽ നിന്നും വളരെ ദൂരെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി 23 നീണ്ട ദിവസം ജയിലിൽ അടച്ചു. തന്റെ ഭർത്താവിന്റെ ക്ലേശം ദൈർഘ്യമാവുകയും അദ്ദേഹം ചങ്ങലയിൽ ബന്ധിയായി തുടരുകയും ചെയ്തു. അവർ പിരിഞ്ഞിരിക്കുകയായിരുന്നെങ്കിലും അവരുടെ ആത്മാവ് വിശ്വാസത്തിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരുന്നു. രൂത്ത് നവോമിയോട് വേർപെടുകയില്ല എന്ന് പ്രതിജ്ഞ എടുത്തതുപോലെ രാധിക ഭർത്താവിനോടുള്ള സ്നേഹത്തിലും കർത്താവിൽ ഉള്ള വിശ്വാസത്തിലും ദൃഢമായി നിന്നു: “നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത് 1:16)
അരണ്ട വെളിച്ചത്തിൽ ഇരിക്കുമ്പോൾ തന്റെ മക്കളുടെ ആശ്ലേഷത്തിനായി രാധയുടെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു. തന്റെ കുഞ്ഞുമക്കളിൽ നിന്നുള്ള വേർപാടിന്റെ വേദന ഓർക്കുമ്പോൾ തനിക്ക് ചുറ്റുമുള്ള തണുത്തതും വഴങ്ങാത്തതുമായ ഭിത്തികൾ അവൾക്ക് ഒന്നുമല്ലാത്തതായി തോന്നി. അവളുടെ മക്കളുടെ ചിരിയുടെ ശബ്ദവും അവർ തന്നെ പേര് വിളിക്കുന്ന ശബ്ദത്തിന്റെ മുഴക്കവും അവളുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. ഓരോ രാത്രിയും അവൾ നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്നു, തനിക്ക് വേണ്ടി മാത്രമല്ല മുത്തച്ഛന്റെ സംരക്ഷണയിൽ ആയിരിക്കുന്ന ആ രണ്ടു ചെറിയ പ്രാണനുകളെ ഓർത്ത്. അവരെ ചേർത്തുപിടിച്ച് അവരുടെ കണ്ണുനീർ തുടച്ച് അവരുടെ മാതാവ് തിരിച്ചുവരും എന്ന ഉറപ്പു നൽകുവാൻ അവൾ വെമ്പലോടെ ആഗ്രഹിച്ചു. എങ്കിലും അവളുടെ സങ്കടത്തിൽ കർത്താവ് അവരുടെ മേൽ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നു എന്നറിഞ്ഞുകൊണ്ട് അവൾ പ്രാർത്ഥനകൾ മന്ത്രിച്ചു കൊണ്ടേയിരുന്നു. ” ദൈവം പിതാവില്ലാത്തവർക്ക് പിതാവാകുന്നു” ( സങ്കീർത്തനം 68:5). തനിക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിലും കർത്താവ് അവരെ സംരക്ഷിക്കുമെന്ന് അവൾ തന്നെത്തന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
തങ്ങൾക്കെതിരെ വരുന്ന ശക്തമായ കൊടുങ്കാറ്റുകളുടെ മധ്യത്തിലും രാധയും തന്റെ ഭർത്താവും അവർ തിരഞ്ഞെടുത്ത നീതിയുടെ പാതയിൽ, വിശ്വാസത്തിൽ ഉറച്ചുനിന്നു. ദുഷ്ട ശക്തികൾ ഒരു സിംഹം പോലെ അവരെ വിഴുങ്ങുവാൻ അടുത്തു വന്നപ്പോഴും അവർ കർത്താവിന്റെ നാമത്തിൽ മുറുകെ പിടിച്ചു. അവരുടെ വിശ്വാസം ആയിരുന്നു അവരുടെ കവചം, പ്രാർത്ഥന ഇരുട്ടിനെതിരെയുള്ള വാളും. എങ്കിലും അവരുടെ അചഞ്ചലമായ ഭക്തിയുടെ മധ്യത്തിലും അവർ തടവിലേക്ക് പോകേണ്ടി വന്നു. രാധ താൻ പിടിക്കപ്പെട്ടപ്പോൾ തന്റെ ഭർത്താവിന്റെ കണ്ണുകളിലേക്ക് നോക്കി, അദ്ദേഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് കണ്ടിട്ട് തന്നെ ഓർമ്മപ്പെടുത്തി, ഈ കഷ്ടത ഒരു കാലയളവിലേക്ക് മാത്രമാണ്, സഹിഷ്ണുതയുടെ ഒരു പരിശോധന.
തടവിൽ ആണെങ്കിലും രാധയുടെ ആത്മാവ് സ്വതന്ത്രമായിരുന്നു. പൗലോസും ശീലാസും കാരാഗ്രഹത്തിൽ പാടി സ്തുതിച്ചത് രാധ ഓർക്കുകയും തടവിൽ സ്തുതിയുടെ ശബ്ദമുയർത്തുകയും ചെയ്തു. “ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല” (2 കൊരിന്ത്യർ 4:8-9). ഇരുളേറിയ തടവറയുടെ മധ്യത്തിലും അവൾ കർത്താവിന്റെ സന്നിധിയിൽ പ്രകാശം കണ്ടെത്തി.
എന്നാൽ തന്നെ കാർന്നുതിന്നുന്ന ബലഹീനതയുടെയും നിരാശയുടെയും നിമിഷങ്ങൾ അവൾക്ക് ഉണ്ടായിരുന്നു. എന്തുകൊണ്ട് ദൈവമേ? എന്തുകൊണ്ട് നീ ഈ കഷ്ടത അനുവദിച്ചു അവൾ ചോദിച്ചു. ഭർത്താവിന്റെ അസാന്നിധ്യം അവളെ വല്ലാതെ ഭാരപ്പെടുത്തിയെങ്കിലും ഇതൊന്നും അവളുടെ വിശ്വാസം തകർത്തു കളയാതെ ഇരിക്കുവാൻ അവൾ തീരുമാനിച്ചു. തനിക്ക് കഷ്ടത ഇല്ലാത്ത പാത തിരഞ്ഞെടുത്തു പിന്മാറി പോകാമെങ്കിലും അവൾ കർത്താവിൽ മുറുകെ പിടിച്ചു. തന്റെ കഷ്ടതയിലും ദൈവം തന്നോട് അടുത്തുണ്ട് എന്ന് അറിഞ്ഞ അവൾ മന്ത്രിച്ചു “അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും;” ( ഇയ്യോബ് 13:15). അവൾ ഏക അല്ലായിരുന്നു.
അവൾ ജയിൽമോചിത ആയെങ്കിലും അവളുടെ ഭർത്താവ് ഇപ്പോഴും ജയിലിലാണ്. അവളുടെ ഭർത്താവിനെ എപ്പോൾ വീണ്ടും കാണാം എന്നുള്ളത് അവൾക്കറിയില്ല. എന്നാൽ തനിക്ക് ഒന്നറിയാം- തന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവത്തെ താൻ ഉപേക്ഷിക്കുകയില്ല. “യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.” ( സങ്കീർത്തനം 18:2). അതുകൊണ്ട് അവൾ കാത്തിരുന്നു, അവൾ പ്രാർത്ഥിച്ചു, അവൾ വിശ്വസിച്ചു.
സ്നേഹം ഒരുനാളും ഉതിർന്നു പോകുകയില്ല, വിശ്വാസവും.
എന്നാൽ നിങ്ങൾ രാധയുടെ സ്ഥാനത്ത് ആയിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു? മുഴുലോകവും നിങ്ങൾക്കെതിരെ തിരിഞ്ഞ്, നിങ്ങളുടെ വിശ്വാസം നിമിത്തം നിങ്ങളുടെ സ്വാതന്ത്ര്യം, ഭവനം, സുരക്ഷിതത്വം എന്നിവ നഷ്ടപ്പെട്ടാൽ, നിങ്ങൾ എന്ത് മുറുകെ പിടിക്കും? ദൈവമെല്ലാം നന്മയ്ക്കായി ചെയ്യുമെന്ന് വിശ്വസിച്ചു അവിടുത്തെ അദൃശ്യമായ കരത്തിൽ ആശ്രയിക്കുമോ? രാധയുടെ അനുഭവം ധൈര്യത്തിന്റെയും, സ്നേഹത്തിന്റെയും, അചഞ്ചലമായ വിശ്വാസത്തിന്റെയും കഥയാണ്. എന്നാൽ ഇത് നമുക്ക് എല്ലാവർക്കും നേരെ ഒരു ചോദ്യം ഉയർത്തുന്നുണ്ട്: പരിശോധനകൾ വരുമ്പോൾ നാം ഉറച്ചു നിൽക്കുമോ അതോ വീണു പോകുമോ?
സഭയെ, രാധയുടെ ഭർത്താവിന്റെ മോചനത്തിനായി പ്രാർത്ഥിച്ചാലും. തന്റെ ഭർത്താവിന്റെ അസാന്നിധ്യത്തിലും തനിക്ക് ആവശ്യമുള്ളതൊക്കെയും നൽകുവാൻ പേർസിക്യൂഷൻ റിലീഫ് കുടുംബം പരിശ്രമിക്കുന്നുണ്ട്.
കർത്താവിന്റെ സേനയിലെ ഒരു സൈനികൻ എന്ന നിലയിൽ, സുവിശേഷം നിമിത്തം മരണമനുഭവിക്കുവാൻ താങ്കൾ തയ്യാറാണോ?
ബ്രദർ ഷിബു തോമസ്, സ്ഥാപകൻ- പേർസിക്യൂഷൻ റിലീഫ്
DISCLAIMER:
Persecution Relief wishes to withhold personal information to protect the victims of Christian Persecution, hence names and places have been changed. Please know that the content and the presentation of views are the personal opinion of the persons involved and do not reflect those of Persecution Relief. Persecution Relief assumes no responsibility or liability for the same. All Media Articles posted on our website, are not edited by Persecution Relief and is reproduced as generated on the respective website. The views expressed are the Authors/Websites own. If you wish to acquire more information, please email us at: persecutionrelief@gmail.com or reach us on WhatsApp: +91 9993200020